ജാലകം

Tuesday, 25 January 2011

രാമച്ചം

അതിരാവിലെ വളരെ തിടുക്കത്തോടെ ആണ് ആതിര എഴുന്നേറ്റത് ,ഉടുപ്പുകള്‍ എല്ലാം ബാഗില്‍ എടുത്ത്‌ വയ്ക്കണം അടുത്തൊരു മാസം അമ്മയുടെ വീട്ടില്‍ ആണ് അവധിക്കാലം .സന്ധ്യ ആവുമ്പോള്‍ അമ്മാവന്റെ   കൂടെ അമ്മയുടെ വീട്ടിലേക്ക് പോകണം .പോകുന്ന വഴിയില്‍ അമ്മാവന്‍ ആതിരയ്ക്ക് ഇഷ്ടമുള്ള മധുര പലഹാരകള്‍ എല്ലാം വാങ്ങി തരും ,ചിലപ്പോള്‍ അമ്മയും കൂടെ ഉണ്ടാവും .അമ്മ കുറച്ചു ദിവസം സ്വന്തം വീട്ടില്‍ നിന്നിട്ട് തിരിച്ച് പോകും .അമ്മയുടെ വീട്ടില്‍ വേറെയും കുട്ടികള്‍ അവധിയ്ക്ക് വരും .അവരെല്ലാവരും കൂടി മധുര പലഹാരകള്‍ കഴിച്ച് തീര്‍ക്കുന്നതിന് മുന്‍പ് ആതിര ആരും അറിയാതെ ഒരു വീതം അതില്‍ നിന്നും മാറ്റി വയ്ക്കും .ആ പൊതി   അടുത്ത വീട്ടിലെ പാറൂട്ടി ക്കും   ,കിച്ചുവിനും  കൊടുക്കുവാന്‍ ആണ് ,ആ മധുര പലഹാരവുമായി  അവരെ പോയി കാണണം എന്ന് ഓര്‍ത്തിട്ട് ആവും അമ്മ വീട്ടിലേക്കുള്ള യാത്ര  തുടങ്ങുന്നത് .

തറവാട്ട്‌ പറമ്പിലൂടെ നടന്ന് ,കശുമാവിന്‍ തോട്ടത്തില്‍ കൂടി കടന്നു   വേണം അവരുടെ വീട്ടില്‍  എത്താന്‍ .തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ വളരെ സൂക്ഷിക്കണം ,പാമ്പുകള്‍ ഉള്ള സ്ഥലം ആണ് .ചില പാമ്പുകള്‍ കശുമാവില്‍ തൂങ്ങി കിടക്കും . ആ പാമ്പിനെആരെങ്കിലും കണ്ടുകഴിഞ്ഞാല്‍  കൊല്ലാന്‍വേണ്ടി അടുത്ത വീട്ടില്‍ നിന്നും ആളുകള്‍ വരും .പാമ്പ് ജീവനും കൊണ്ട് വിറകു പുരയില്‍ കയറും ,ആ വിറകുകള്‍ എല്ലാം എടുത്ത്‌ പുറത്തിട്ട് പാമ്പിനെ അവരെല്ലാം കൂടി തല്ലി കൊല്ലും . അതൊക്കെ അവധിക്കാലത്ത്‌ അവിടെ നടക്കുന്ന പരിപാടികള്‍ ആണ് .തറവാട്ടിലെ ആരും കാണാതെ വേണം ആതിരയ്ക്ക് മധുര പലഹാര പൊതിയുമായി ,ആ ചപ്പും ,ചവറുകളും നിറഞ്ഞ വഴിയിലൂടെ നടക്കാന്‍ ,മഴക്കാലം ആയാല്‍ കൂടുതല്‍  ശ്രദ്ധ വേണം ,ചിലപ്പോള്‍  ചവിട്ടുന്നത്  വലിയ തവളയുടെ   മുതുകില്‍ ആവും .ഈ പേടി ഒക്കെ കൂടെ ഉണ്ടായാലും ആ പൊതിയുമായി അവരെ പോയി കാണും . പാറൂ ന്‍റെ വീട്ടില്‍  ചെന്ന് ആ പൊതികള്‍ അവരെ ഏല്പിച്ചു കഴിയുമ്പോള്‍ ,ആതിരയുടെ അവധിക്കാലത്തിന് ഒരു തുടക്കമാവും  .രാവിലെ മുതല്‍ തുടങ്ങുന്ന കളികള്‍ ,പാടത്തും .പറമ്പിലും ,തോട്ടില്‍ കുഞ്ഞുവരാലിനെ  പിടിച്ചും, അവസാനം ആ പിടിച്ച മീനുകളെ  എല്ലാം ആ തോട്ടിലേക്ക് തന്നെ വിടും . ഞാവല്‍ പഴത്തിന്‍റെ കറ  ,ഉടുപ്പില്‍  തേയ്ച്ചും മാവിന്‍ മുകളില്‍ കയറി മൂത്ത മാങ്ങ പറിച്ച് ,മുളക് കൂട്ടി കഴിക്കലും ആണ് പ്രധാന വേനല്‍ അവധിക്കാല   പരിപാടികള്‍  !!.ഇതെല്ലാം കഴിഞ്ഞ്  വൈകുനേരം  ആവുമ്പോള്‍ തറവാട്ട്‌ കുളത്തില്‍ കുളിക്കാന്‍ പോകും .അവിടെ കുട്ടികളുടെ കൂടെ മുതിര്‍ന്നവരും ഉണ്ടാകും ..പാറൂട്ടിയും  , കിച്ചുവും  അവരുടെ കൂടെ അമ്മയും വരും . .പെണ്‍കുട്ടികള്‍ മുതിര്‍ന്നതോടെ ,അവര് ആദ്യം കുളിക്കാന്‍ പോകും .പറഞ്ഞ സമയത്തിനുള്ളില്‍ കുളി കഴിയാതെ ഇരുന്നാല്‍ കുളത്തിലേക്ക്‌ വലിയ കല്ലുകള്‍  വന്നു വീഴും . അവരുടെ കുളി കഴിയുന്നവരെ, ബാക്കി കുട്ടികള്‍ ആ കശുമാവിന്‍ തോട്ടത്തില്‍ .പച്ചയും ,മഞ്ഞയും ,ചുവപ്പും നിറത്തിലുള്ള കശു മാങ്ങയോട് കിന്നാരം പറഞ്ഞു നടക്കും ..


പാറൂന്‍റെ അമ്മക്ക് ആതിരയെ വലിയ ഇഷ്ട്ടമാണ് .അവര് കുളി കഴിഞ്ഞ് പോകുമ്പോള്‍ അവരുടെ വീട്ടിലേക്ക് ആതിരയെയും  കൊണ്ടു പോകും .ബാക്കി കുട്ടികള്‍ക്ക്  അവരുടെ കൂടെ പോകാന്‍ വലിയ ഇഷ്ട്ടമില്ല .പാറുന്‍റെ വീട് തറവാട് വീടിനേക്കാള്‍  കുറച്ച് ചെറിയ വീട് ആണ്..അവരെല്ലാം അറിയപ്പെടുന്ന   വൈദ്യന്മാര്‍ ആണ് .എന്നാലും ആ  പെരുമ വീട്ടില്‍ കാണാന്‍ സാധിക്കില്ല .പഴയ  വീടും , മച്ചും ,മേല്‍ക്കൂരയുംഎല്ലാം  വളരെ പഴക്കം ഉള്ളത് ആണ് .വീടിന് അകത്ത് കയറിയാല്‍ ഈട്ടിതടിയില്‍ ഉണ്ടാക്കിയ കലാവിരുതുകള്‍   കാണാം ,ആതിരയ്ക്ക്  ആ വീടിനോടുള്ള സ്നേഹം അതായിരുന്നു .തറയില്‍ തൊടുമ്പോള്‍  കിട്ടുന്ന തണുപ്പ് .ആ വീടിന്‍റെ അടുത്ത് എത്തുമ്പോള്‍ മരുന്നുകളുടെ മണം ആണെന്ന് എല്ലാവരും പരാതി പറയും .ആതിരയ്ക്ക് ആ പച്ച മരുന്നുകളുടെ മണം ആയിരുന്നു കൂടുതല്‍ ഇഷ്ട്ടം .കിച്ചുവും പാറൂട്ടിയും കൂടി ആതിരയെ മരുന്നുകള്‍   ഉണ്ടാക്കുന്ന മുറിയുടെ അകത്ത് കൊണ്ടു പോകും .അവര് മൂന്ന് പേരും ഒരേ പ്രായക്കാര്‍ ആണ് .























 ആ മുറിയില്‍ മരുന്നുകള്‍ ഉണ്ടാക്കാനുള്ള വലിയ വാര്പ്പുകള്‍ നിരത്തി വച്ചിരിക്കും ,മുറിയുടെ ഓരോ മൂലയിലും പല തരം ഇലകളും ,വാടിയ മരക്കൊമ്പുകള്‍  ,തുളസിയും ,കീഴാര്‍നെല്ലി ,വയമ്പ് ,ബ്രഹ്മി ,പനികൂര്‍ക്ക ഇതുപോലെ ഉള്ള  ചെടികളും കാണും .പേര് അറിയാത്ത കുറെ പൊടികളും അതിന്‌ അടുത്ത് തന്നെ ഉണ്ടാവും .കുഴമ്പ്  ,രസായനവും ,ലേഹ്യവും എല്ലാ  മരുന്നുകളും  അവിടെ ആണ് ഉണ്ടാക്കുന്നത് . .മരുന്നിന്റെ കുറിപ്പ് എല്ലാം  കിച്ചുന്റെ  അച്ചന്‍ പറഞ്ഞു കൊടുക്കും .അതെല്ലാം വാര്‍പ്പില്‍ഇട്ട്  ഇളക്കി ഉണ്ടാക്കാന്‍  ഒരു   ആള്‍ അവിടെ എപ്പോളും കാണും . .അയാളെ കണ്ടാല്‍ ആതിര ഓരോ ചോദ്യം    ആരംഭിക്കും ,അടുത്ത വീട്ടില്‍ നിന്നും അതിഥി ആയി വന്ന ഒരു പരിഗണന  കൂടി  ആതിരയ്ക്ക് ആ വീട്ടില്‍ കിട്ടിരുന്നു .അത് കൊണ്ടു എന്ത് ചോദിച്ചാലും  അയാള്‍ ഉത്തരം തരും .ആദ്യം മരുന്ന്‌ ഉണ്ടാക്കുന്ന മുറിയില്‍ കയറിയിട്ട് ആവും ആതിര  പാറൂ ന്‍റെ വീട്ടില്‍  കയറുന്നത് .വീടിന് അകത്ത് കയറിയാല്‍ ആതിരയും പാറുവും കൂടി കുറച്ച് നേരം തിരുവാതിര  കളിക്കും ,പുതിയ ചുവടുകള്‍ പഠിക്കുന്നതിന്‍റെ ഭാഗം ആണ് ,ആ വര്‍ഷം സ്കൂളില്‍ പുതിയതായി പഠിച്ച  ഡാന്‍സ്  കളിച്ചു കാണിക്കും .യാതൊരു വിമ്മിഷ്ട്ടവുമില്ലാതെ ,അത് കളിച്ചു  കാണിക്കാന്‍ രണ്ടുപേര്‍ക്കും സാധിക്കുമായിരുന്നു  . രണ്ടുപേര്‍ക്കും ചുവട് തെറ്റാതെ താളം പിടിക്കാനുള്ള  ഒരു വേദി കൂടി  ആയിരുന്നു .


ഈ സമയം കിച്ചു അമ്മയുടെ കൂടെ  അടുക്കളയില്‍ ആവും .
അതിനിടയില്‍ കിച്ചുവിന്‍റെ അമ്മ നല്ല പഴം പൊരിയും ,അച്ചപ്പം ഉണ്ടാക്കി തരും .അതെല്ലാം കഴിച്ച്,നേരം ഇരുട്ടി തുടങ്ങുമ്പോള്‍  രണ്ട് പേരും ആതിരയെ വീട്ടില്‍ കൊണ്ടു വിടും ..പറമ്പില്‍ കൂടി നടക്കാതെ,റോഡ്‌ വഴി സൈക്കിള്‍ ചവിട്ടി കിച്ചുവും ,പാറുവും ആതിരയെ വീട്ടില്‍ കൊണ്ടു പോയി ആക്കുന്നത് .പാറൂ ആ സൈക്കിള്‍ നു പിന്നാലെ ഓടും .ആതിര വലിയ ഗമയില്‍ കിച്ചുവിന്‍റെ പുറകില്‍ ഇരിക്കും .തറവാടിനു മുന്‍വശം എത്തുമ്പോള്‍ സൈക്കിള്‍ ടെ ചക്രകള്‍ പതുക്കെ നില്‍ക്കും ,ആതിര ചാടി താഴെ ഇറങ്ങും .മൂന്ന് പേരും വളരെ നല്ല കുട്ടികളായി ,തറവാട്ടിലേക്ക് നടക്കും .കിച്ചുവും പാറുവും കൂടി ഒരുമിച്ച് സൈക്കിള്‍ ഓടിച്ച് അവരുടെ വീട്ടിലേക്ക് പോകും .ആതിരയെ നോക്കി ,ഒരു  വിട പറയല്‍,കൈയില്‍  ,രാമച്ചം ,പയര് പൊടി ,അതെല്ലാം കൂടി ഒരു പൊതിയും ഏല്‍പ്പിക്കും    അതാവും  ആ ദിവസത്തിന്‍റെ  ബാക്കി ,ഇനി ഒരു വര്‍ഷം കാത്തിരിക്കണം ,അതുപോലെ ഒരു നല്ല ദിവസം ദിവസത്തിനുവേണ്ടി ,ഓരോ അവധിക്കാലവും  ഇതുപോലെ നല്ല ഓര്‍മ്മകള്‍ ആയി കടന്നു പോയി .

ആതിരയ്ക്ക് ആറാം ക്ലാസ്സിലെ വേനല്‍ ,അവധിക്കാലത്ത്‌   മഞ്ഞപിത്തം  കാരണം,ആരുടേയും വീട്ടില്‍ പോകാന്‍ സാധിച്ചില്ല  .സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് അമ്മയുടെ വീട്ടില്‍ പോകണമെന്ന ആതിരയുടെ വാശി കാരണം ,വീട്ടില്‍ അവസാനം സമ്മതിച്ചു .രണ്ട് ദിവസം അവിടെ പോയി നില്‍ക്കാമെന്ന് പറഞ്ഞ് അമ്മ ആതിരയും  കൂട്ടി അമ്മയുടെ വീട്ടിലേക്ക്  പോയി .പോകുന്ന വഴിയില്‍ മധുര  പലഹാരകള്‍  ഒന്നും വാങ്ങാന്‍ സാധിക്കാതെ ഉള്ള യാത്ര  ആയിരുന്നു .തറവാട്ടില്‍ എത്തിയ ദിവസം   തന്നെ പാറുവിനെയും ,കിച്ചുവിനെയും കാണാന്‍ പോകണമെന്നുള്ള വഴക്കായി .ആ രാത്രിയില്‍ എവിടെയും  പോകണ്ട എന്ന വഴക്ക് കേട്ട് ആതിര അന്ന്  ഉറങ്ങിയത്  .രാവിലെ അവരുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ,അമ്മയോടും ആതിരയുടെ കൂടെ പോകാന്‍ അമ്മാവന്‍നിര്‍ബന്ധമായി  പറഞ്ഞു .


അവരുടെ വീട്ടിലേക്ക് ഒരിക്കലും  ഒരു വഴി വിളക്ക് ആയി ആരും കൂടെ വരാറില്ല എന്ന് മനസ്സില്‍ വിചാരിച്ച് കൊണ്ട്‌ ആതിര അവരുടെ വീട്ടിലേക്ക് നടന്നു .അവിടെ എത്തിയപ്പോള്‍ ആരെയും  മുന്‍വശത്ത് കണ്ടില്ല .പാറുന്‍റെ അമ്മ പുറത്തുള്ള സ്വരം കേട്ട് മുന്‍വശത്തെ വാതില്‍ തുറന്നു .ആതിരയെ കണ്ടപ്പോള്‍  ,അമ്മയുടെ വിങ്ങുന്ന മുഖം ,പൊട്ടിക്കരയാന്‍ തുടങ്ങി .ആതിരയോട്  കിച്ചുവും ,പാറുവും അവിടെയില്ല  എന്ന് അവര്‍ സ്വരത്തില്‍ പറഞ്ഞുകൊണ്ടേ യിരുന്നു  .ഒന്നും മനസിലാവാതെ ,നിന്ന ആതിരയെ അമ്മ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ച് ,നമുക്ക് പിന്നെ വരാം എന്ന് പറഞ്ഞു തിരിച്ച് പോകാന്‍ തുടങ്ങി .ആ സമയം  കിച്ചു ആ  വഴി സൈക്കിള്‍ ആയി വരുന്നത് ആതിര കണ്ടത് .ആതിരയെ കണ്ടതോടെ കിച്ചുവിന്റെ മുഖം ,വിങ്ങി പൊട്ടി  വിതുമ്പുവാന്‍   തുടങ്ങി ,ആതിരയുടെ കൈയും പിടിച്ചു അവന്‍ അകത്തേക്ക് കൊണ്ടു പോയി .


അകത്തെ മുറിയില്‍ ,ചുരുണ്ട് കൂടി കിടക്കുന്ന പാറൂട്ടിയെ കണ്ടപ്പോള്‍ ആതിരയും പൊട്ടിക്കരയാന്‍ തുടങ്ങി .ശരീരം മുഴുവന്‍ പൊട്ടി ഒലിച്ച് ,നീറുന്ന വേദനയോടെ കിടക്കുന്ന പ്രിയ കൂട്ടുക്കാരിയെ, ആതിരയെ കണ്ടതോടെ ,അവളുടെ കാലുകള്‍ പുതപ്പ് കൊണ്ടു പതുക്കെ മൂടി വച്ചു . .പൊള്ളല്‍ ഏറ്റു കിടക്കുന്ന ആ ശരീരം  ..കുറച്ച് ദിവസകള്‍ മുന്‍പ് കഷായം ഉണ്ടാക്കുന്ന മുറിയില്‍ കിച്ചുവും ,പാറുവും കൂടി ഓടി കളിക്കുന്നതിനിടയില്‍ അറിയാതെ കാല് തെറ്റി ആ വാര്‍പ്പിലേക്ക്‌ വീണു .ആ വാര്‍പ്പില്‍  നിന്നും കിച്ചു പാറുവിനെ പൊക്കി എടുത്തു .തിളയ്ക്കുന്ന കഷായത്തിലേക്ക്  വീണ സഹോദരിയെ ,എടുത്തു നേരെ പൈപ്പ് നു താഴെ കൊണ്ട്‌ പോയി ഇരുത്തി ..അവരെ  സഹായിക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല .ആ കഷായ   ചെമ്പിലേക്ക് മരുന്നുകള്‍ എല്ലാം ചേര്‍ത്ത്  ,അടുപ്പില്‍ തീയും കൂട്ടി ,അയാള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ആയിരുന്നു ഈ അപകടം  നടന്നത് .തണുത്ത  വെള്ളം ശരീരത്തില്‍  വീണത്‌ കാരണം ആ പൊള്ളിയ ഭാഗമെല്ലാം  പോളകള്‍ പോലെ പൊങ്ങി .അപകടം കഴിഞ്ഞതില്‍  പിന്നെ  ആ നീറുന്ന വേദന  കാണാനുള്ള വിഷമം കൊണ്ട്‌   അവരെ ബുദ്ധിമുട്ടിക്കാന്‍കുറെ നാള്‍  ആരും ആ വീട്ടിലേക്ക് പോകാറില്ല .പാറുവിന്     കുറെ നാള്‍ സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ല .അസുഖമെല്ലാം കുറെ ദിവസകള്‍ കൊണ്ട്‌ കരിഞ്ഞു പോയി .ശക്തമായ മരുന്നുകള്‍ ശരീരത്തില്‍   പുരട്ടിയും   ,കഴിച്ചും അവള്‍ വല്ലാതെ ആയിരുന്നു

ഈ അപകടം ഉണ്ടായതില്‍, പിന്നെ ആതിരയുടെ അമ്മ വീട്ടിലെ അവധിക്കലതി  ന്‍റെ നീളം  കുറഞ്ഞു ,അമ്മയുടെ വീട്ടില്‍ പോയാല്‍ കുറച്ച്ദിവസം  അവിടെ നില്‍ക്കും .കിച്ചുവിനെയും ,പാറുവിനെയും കണ്ടാല്‍അവരുടെ കൂടെ  പാടത്തും ,പറമ്പിലും നടക്കാന്‍ സാധിക്കാറില്ല ,ഒരുമിച്ച് കളിയ്ക്കാന്‍ ഒരു അവസരം കിട്ടിയിരുന്നില്ല .അവരുടെ വീടിന് മുന്‍പിലെ തുളസി തറയില്‍  വട്ടം  ചുറ്റി നടക്കും .മരുന്നുകള്‍ ഉണ്ടാക്കുന്ന മുറിയിലേക്ക് ഒരിക്കലും പോകാന്‍ കഴിഞ്ഞില്ല .കൂട്ടുക്കാര്‍ തമ്മില്‍ കണ്ടാല്‍ കുറച്ചു സമയം  ഡാന്‍സ് കളിയില്‍ തീരും ,  പാറുവിന്‍റെ കാലുകള്‍ കാണുമ്പോള്‍ വിഷമം തോന്നും ,പാറു ,ഡാന്‍സ് കളിക്കുന്നതിനിടയില്‍ കാലിലെ ചെറിയ പാടുകള്‍ ആരും അറിയാതെ മറച്ചു പിടിക്കും .

ആ നനയുന്ന കണ്ണുകള്‍ കാണാതെ യിരിക്കാന്‍ ആതിരയും തിരുവാതിരകളി , അവസാനിപ്പിച്ചു . ആ അപകടത്തിന്റെ വേദന എല്ലാവരുടെയും മനസ്സില്‍ നിന്നും മാഞ്ഞു പോയി .ആതിരയ്ക്ക്  കൂട്ടുക്കാരിയെ വേദനയോടെ കണ്ട ആ വിഷമം ഒരിക്കലും മായാതെ കിടക്കുന്നു .  പ്രിയ ചങ്ങാതി അനുഭവിക്കേണ്ടി  വന്ന ദുഃഖം ഒരിക്കലും വിട്ട് പോകാത്തത് പോലെ .പാറു ,ആ  പൊള്ളല്‍ ഏറ്റ വിഷമം ഈ ജീവിതത്തില്‍ ഓര്‍ക്കാനും ഇടയില്ല  .ഈ വേദന  യുടെ മറുവശം     ആയുര്‍വേദ മരുന്നുകളുടെ ശക്തി ,പാറുവിന്‍റെ  പൊള്ളല്‍ ഏറ്റ ഭാഗത്ത്‌ ഇപ്പോള്‍ ഒരു ചെറിയ പാട് പോലും കാണാന്‍ സാധിക്കില്ല .ഒരിക്കല്‍ പൊള്ളല്‍ ഏറ്റാല്‍ ആ കുട്ടിയുടെ ഭാഗ്യം പോയെന്ന്  കേട്ടിട്ടുള്ള ആതിരയുടെ ചെവികളില്‍, പാറൂട്ടി   ഇന്ന് വളരെ സന്തോഷമായി ജീവിക്കുന്ന ഒരു സത്യം കൂടി ആണ് ..........

23 comments:

  1. നമ്മുടെ കുട്ടികൾ ഉപാധികളില്ലാത്ത സ്നേഹത്തോടെ ഒത്തുകൂടിയ മാഞ്ചുവടുകൾ. വേനലവധിക്കാലത്ത് ഒന്ന്നുചേർന്നുകളിച്ചും കൊമ്പത്തേറി തിമിർത്തും കൽമ്പ്പിയ കശുമാവിൻ തോപ്പുകൾ. കശൂമാവിൻ ചുനയിലും മാമ്പഴച്ചാറിലും മുങ്ങിയ കുപ്പായങ്ങൾ. എല്ലാ കുട്ടികളും കളിക്കുന്ന വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് സന്ധ്യയിലേക്ക് കളിച്ചു പുളച്ച പഴയകാലങ്ങൾ. നേരിന്റെയും നെറിയുടെയും നല്ല്ലകാലങ്ങൾ.

    എവിടെ പ്പോയ് നമ്മുടെ കുട്ടികളുടെ കളിനേരങ്ങൾ.
    എവിടെപ്പോയ് അവരുടെ കാലുഷ്യം തിങ്ങാത്ത തെളിവാക്കുകൾ.
    എവിടെപ്പോയ് അവർ കളിക്കൂത്ത് നടത്താറുള്ള പാടങ്ങൾ
    എവിടെപ്പോയവരൂടെ മനസ്സിനെ തെളിനീർനദി?

    എവിടെയാണെന്റെ കുട്ടികൾ ഇപ്പോൾ രാത്രിയിൽ പകൽനേരങ്ങൾക്കായി നോമ്പു നോക്കുന്നത്.

    ഒക്കെയും പോയല്ലോ ചങ്ങാതി മാരേ.

    ആതിരാരാവിൽ രുദ്രകീർത്തങ്ങൾ തൻ തൂക്കി-
    ലാടുന്ന പൊന്നുണ്ണിക്കു ദംഷ്ട്രയും നെറ്റിക്കണ്ണും
    പാരുഷ്യം പെരുകുന്നു വാക്കിലും മനസ്സിലും
    മാതുലാ പൊറുത്താലും തീർന്നൂ മാമ്പഴക്കാലം.
    (ഇവനെക്കൂടി- സച്ചിദാനന്ദൻ)

    പഴയ എന്റെ കുട്ടിക്കാലത്തെ വാക്കുകളിലൂടെ തിരികെത്തന്ന സിയക്ക് ഒരു സലാം.

    ReplyDelete
  2. സിയ ഇത് കഥയാണോ അതോ നടന്നതാണോ? കഥയെന്ന് ലേബലില്ല. മറിച്ച് മനസ്സ് എന്ന ചെപ്പില്‍ നിന്നും എന്ന് എഴുതി കണ്ടു. ഇതില്‍ രാമച്ചത്തിന്റെ റോളെന്തെന്ന് മനസ്സിലായില്ല

    ReplyDelete
  3. സുരേഷ് മാഷിന് നന്ദി .ഈ വാക്കുകള്‍ ഒക്കെ വായിക്കുമ്പോള്‍ നമ്മുടെ കുട്ടിക്കാലം എത്ര നല്ലതായിരുന്നു എന്നും മനസിലാവും .

    മനു വിനും നന്ദി --മനസ് എന്ന ചെപ്പില്‍ നിന്നും എഴുതുന്നത്‌ ,അനുഭവം തന്നെ അല്ലേ?രാമച്ചം എന്തോ ആ പേര് ആണ് എനിക്ക് മനസ്സില്‍ വന്നത് ......കുറെ ചിന്തിച്ചു ..എന്നിട്ടും ആ പേര് മനസ്സില്‍ നിന്നും പോയില്ല

    ReplyDelete
  4. സിയാ
    തണുപ്പും സുഗന്ധവും നിറഞ്ഞ ഒരു ബാല്യകാലത്തെ തിരികെ കൊണ്ട് വരുന്നതിനാല്‍ ആകാം
    ഈ കുറിപ്പിന് "രാമച്ചം "എന്ന് തന്നെ പേരിടാന്‍ തോന്നിയത് ..എന്തായാലും പതിവ് യാത്രാ വിവരണത്തിന്റെ പാതയില്‍ നിന്ന് മാറിയുള്ള ഈ രചന ഓര്‍മ്മകള്‍ കൊണ്ട് ശ്രദ്ധേയമായി ..:) വിശേഷിച്ചു നാട്ടില്‍ മറ്റൊരു വേനല്‍ അവധി കൂടെ വരികയാണല്ലോ

    ReplyDelete
  5. നഷ്ടപ്പെട്ട ശൈശവത്തിന്റെ..
    ബാല്യത്തിന്റെ...
    അതിമനോഹരമായ ഒരു ചിത്രം!!!
    ഹൃദയംനിറഞ്ഞ ആശംസകള്‍!!

    ReplyDelete
  6. മഴ പെയതു കഴിഞ്ഞ സമയത്തായതിനാല്‍ ഉണങ്ങി നനഞ്ഞു കുതിര്‍ന്ന ഇലകള്ക്കിടയിലെ തവളയുടെ പുറത്ത്‌ ചവുട്ടിയപ്പോള്‍ അയ്യേ എന്നൊരു വല്ലയക തോന്നി. എന്നാലും ചപ്പും ചവറും വീണുകിടക്കുന്ന മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടക്കുന്നത് ഒരനുഭൂതി പോലെ..ചെറുപ്പത്തിന്റെ ഓര്‍മ്മകളില്‍ ഒരിക്കലും മായാതെ നില്‍കുന്ന സ്നേഹവും നിഷ്കളങ്കതയും കൂടുതല്‍ ശോഭ പരത്തി. ആയുര്‍വ്വേടക്കൂട്ടുകളും അതിലൂടെ ഭേദമാകുന്ന അസുഖക്കാഴ്ചയും ഇന്ന് നാം സ്വീകരിക്കണ്ടാവയാണ് എന്ന് പറയാന്‍ ഒരനുഭവത്തെ കൂടുപിടിച്ചവതരിപ്പിച്ചത് നന്നായിരിക്കുന്നു സിയ.

    ReplyDelete
  7. അന്നത്തെ കൂട്ടുകാരിയുടെ പൊള്ള്ലിന്റെ നൊമ്പരം ഇന്നും ഉള്ളിലേറ്റുന്ന ഒരു സഖി.

    പിന്നെ

    നമ്മുടെ കുട്ടികൾക്കൊന്നും സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഗ്രമവിശുദ്ധിയിൽ കൂടിയുള്ള ശൈശവകേളികളിലൂടെയുള്ള ഈ സഞ്ചാരം തുടർന്ന്..

    ആയുർവേദത്തിൻ മഹിമകളിൽ കൊണ്ടെത്തിച്ച് , മനസ്സിന്റെ ചെപ്പ് തുറന്ന്..രാമച്ചത്തിന്റെ സുഗന്ധം പോൽ നമ്മുടെ നാടിൻ നന്മകളിലവസാനിച്ച യാത്ര..

    ReplyDelete
  8. സിയാ, കുട്ടിക്കാലത്തെ വല്ലാത്തൊരു ഗൃഹാതുരത്വത്തോടെ ഓർമിപ്പിച്ചു . ബാല്യത്തിന്റെ നാട്ടുവഴികളിലൂടേ കൈപിടിച്ചു കൊണ്ടു പോയി, സുരേഷ് പറഞ്ഞതു പോലെ എല്ലാം നഷ്ടമായി. വർത്തമാനകാലത്തിന്റെ പാരുഷ്യങ്ങൾക്കിടയിൽ സിയയുടേതു പോലുള്ള വാക്കുകൾ വലിയ ആശ്വ്വാസമാണ്!

    ReplyDelete
  9. ഈ ഒരു പോസ്റ്റോടെ ബ്ലോഗിനോട് തൽകാലം വിട എന്ന് കണ്ടു. അമേരിക്കയിലെത്തിയതോടെ, ബ്ലോഗ് എഴുതുന്നതും മടുത്തോ?. ഇനിയും ഇതുപോലെ ഒരുപാട് കഥകളും, യാത്രാവിവരണങ്ങളും എഴുതാനില്ലേ. പിന്നെന്താ പെട്ടന്നൊരു ‘അൽ വിദ’...?

    ReplyDelete
  10. രാമച്ചം തന്നെ നല്ല പേര്. വ്യത്യസ്തമായ രചന. ബാല്യകാലം വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു. സിയേച്ചീ, നന്ദി.

    ReplyDelete
  11. വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  12. നന്നായി എഴുതി.

    പൊള്ളല്‍ ഏറ്റാല്‍ ഭാഗ്യം പോകുമെന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ അതിലൊക്കെ കാര്യമുണ്ടോ എന്തോ... കാരണം 3 വയസ്സിലും 10 വയസ്സിലുമായി കാര്യമായ പൊള്ളലുകള്‍ എനിയ്ക്കും കിട്ടിയിട്ടുണ്ട്. എന്നിട്ടും വലിയ കുഴപ്പമൊന്നും പറ്റിയതായി തോന്നുന്നില്ല.

    ReplyDelete
  13. സിയാ മുഴുവനും വായിച്ചില്ല വായിക്കാന്‍ വരാം...രാമച്ചം എന്നാ പേര് കേട്ടിട്ട് തന്നെ ആകും വായിക്കാന്‍ ഒരു ആവേശം....എത്ര നല്ല സുഖം ഉള്ള സുഗന്ധം ആണ് രാമച്ചത്തിന് അപ്പോള്‍ ഇത് വായിക്കുമ്പോളും അതുപോലെ സുഖം ഉള്ള ഒരു അനുഭവം കിട്ടുമെന്നുരപ്പുണ്ട്.... മനസിലെ കുപ്പിവള പൊട്ടുകള്‍ ആതിരയുടെ അമ്മ വീടിലെ വിശേഷം വായിക്കാന്‍ വെമ്പല്‍ കൊണ്ട് തുള്ളുന്നു... അമ്മ വീട്ടില്‍ പോകുന്നതിന്റെ സന്തോഷം അനുഭവിച്ച എല്ലവര്‍ക്കും ഇത് വായിക്കുമ്പോള്‍ ഒരു സന്തോഷം ആയിരിക്കും ..അമ്മവീടിലേക്ക് ഒരു യാത്ര...

    ReplyDelete
  14. രാ‍മച്ചത്തിന്റെ കുളിരും സുഗന്ധവും,ബാല്യത്തിന്റെ നിഷ്ക്കളങ്കതയുമായി അമ്മ വീട്ടിലെ വേനലവധിക്കാലം, ഓർമകളുടെ ചെപ്പു തുറന്ന് പുറത്തുകൊണ്ടു വന്നല്ലോ സിയക്കുട്ടീ...നന്ദി,ഏറെ നന്ദി.

    ReplyDelete
  15. ആതിര,എന്റെ കുട്ടിക്കാലത്തെ അനുസ്മരിപ്പിച്ചു.നന്നായിരിക്കുന്നു സിയ.ഒരു നഷ്ടബോധം തോന്നുന്നുണ്ടോ?

    ReplyDelete
  16. രാമച്ചമെന്ന് പറയുമ്പോഴേ ആ മണം നുകർന്നതു പോളെ. അതുപോലെ തന്നെ ഇതു വായിച്ചപ്പോഴും ബാല്യകാലത്തെ ഓർമ്മകൾ മണം പരത്തി എത്തിക്കഴിഞ്ഞു.

    ReplyDelete
  17. നല്ലൊരു ഓർമ്മക്കുറിപ്പ്..

    ReplyDelete
  18. സുഖകരമായ, മറക്കാൻ കഴിയാത്ത ഓർമ്മകളുള്ള കുട്ടിക്കാലം.ഇനി തിരിച്ചുവരാത്ത ഒരു ബാല്യം.

    പലരും പറഞ്ഞിരിക്കുന്നതുപോലെ രാമച്ചത്തിന്റെ കുളിരും മണവുമൊക്കെയുള്ള ഓർമ്മകൾ ആയതുകൊണ്ടുതന്നെയാണോ രാമച്ചം എന്ന പേരു കൊടുത്തതു്?

    ReplyDelete
  19. രാമച്ചം എന്നത് ആലങ്കാരികമായി ഉപയോഗിച്ച പേരാണോ...
    നിഷ്കളങ്കമായ ഒരു കുട്ടികാലതിന്റെയും ഇതിരിനോവിന്റെയും ഒക്കെ അവതരണം ഹൃദ്യമായി ട്ടോ

    ReplyDelete
  20. ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി ..

    ഈ ഓര്‍മ്മക്കുറിപ്പില്‍ നിന്നും ,നല്ലത് മാത്രം എടുത്താല്‍ അതിന്‌ നല്ല മണവും ,കുളിര്‍മയും ഉണ്ടെന്ന്‌ മനസ്സില്‍ തോന്നി .അത് കൊണ്ടു രാമച്ചം എന്ന പേര് തന്നെ മതി എന്ന് തീരുമാനിച്ചു .രാമച്ചം എന്ന് എഴുതിയിട്ട് വേദനയില്‍ പോസ്റ്റ്‌ അവസാനിച്ചു എന്ന് എല്ലാവര്‍ക്കും തോന്നും എന്നറിയാം ..



    രമേശ്‌ അരൂര്‍ -നല്ല വാക്കുകള്‍ക്ക് നന്ദി .യാത്രകള്‍ എഴുതുന്നതിന് മുന്‍പ് ഇതുപോലെ കുറച്ച് കുറിപ്പുകളില്‍ ആയിരുന്നു എന്‍റെ തുടക്കം കേട്ടോ

    .ജോയ് പാലക്കല്‍ - ഇവിടെ വന്നതില്‍ സന്തോഷം ,കൂടെ നന്ദിയും .



    റാംജി ഭായി -നന്ദി

    കുട്ടിക്കാലം ഓര്‍ക്കാത്തവര്‍ ഉണ്ടാകുമോ ?

    ഇപ്പോള്‍ തവളയെ ഒക്കെ കണ്ടിട്ട് എത്ര നാള്‍ ആയി .ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്ത് പാമ്പ് ഉണ്ടെന്ന്‌ വന്നപ്പോള്‍ തന്നെ കേട്ടു .അത് കൊണ്ടു കാട്ടില്‍ കൂടി നടക്കുമ്പോള്‍ ,ലണ്ടനില്‍ നടന്നആ ആധൈര്യം ഇല്ലാട്ടോ ..



    ബിലാത്തി -കമന്റ്‌ വായിച്ചപോള്‍ തന്നെ മനസിലായി ,ബിലത്തിയും ആയുര്‍വ്വേദം ഇഷ്ട്ടപ്പെടുന്ന ആള്‍ ആണെന്ന് .സന്തോഷം ആ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ .

    .

    ശ്രീമാഷേ -നാട്ടുവഴികള്‍ പലതും പറഞ്ഞു വരുമ്പോള്‍ മാഷിനും അറിയുന്നത് ആവും ..ഇതൊക്കെ അമ്മയുടെ വീട്ടിലെ ആണ് .അവിടെ ഇപ്പോള്‍ കശുമാവ് ഒന്നുമില്ല .അതെല്ലാം വെട്ടി കളഞ്ഞു റബ്ബര്‍ വച്ചു .കുളത്തില്‍ കുളിക്കാന്‍ പോകാന്‍ ആരുമില്ല .കുളത്തിന് ചുറ്റും ,കാട് പോലെ ആയി ..എന്നാലും ഞാന്‍ അവിടെ പോയാല്‍ കുളത്തിന്‌ അടുത്ത് ഒക്കെ പോകും ........

    ReplyDelete
  21. siya... ormakal enthokke parnjalum sugham thanne

    ReplyDelete
  22. നല്ല തെളിച്ചമുള്ള ഭാഷ. നന്നായി.

    ReplyDelete
  23. സുഗന്ധവും കുളിര്‍മ്മയും ഇവിടെ വരെ എത്തുന്നു!!!

    ReplyDelete